ബര്‍ലിന്‍: ഫര്‍ണിഷ്ഡ് ഫ്ലാറ്റുകളുടെ മറവില്‍ അമിത വാടക ഈടാക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ബില്ലിന് ജര്‍മ്മന്‍ മന്ത്രിസഭ അംഗീകാരം നല്കി.
ഫര്‍ണിഷ്ഡ് ഫ്ലാറ്റുകള്‍: ഇനി മുതല്‍ വീടി അടിസ്ഥാന വാടകയും ഫര്‍ണിച്ചറുകള്‍ക്കുള്ള അധിക ചാര്‍ജും വെവേറെ കാണിക്കണം. ഫര്‍ണിച്ചര്‍ ചാര്‍ജ് അടിസ്ഥാന വാടകയുടെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല. അല്ലാത്തപക്ഷം ആ വീട് ഫര്‍ണിഷ് ചെയ്യാത്ത വീടായി കണക്കാക്കും.
ഹ്രസ്വകാല വാടക (Shortterm lease): ഹ്രസ്വകാല കരാറുകള്‍ പരമാവധി 6 മാസമായി നിജപ്പെടുത്തും. പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ മാത്രം ഇത് 8 മാസം വരെ നീട്ടാം. വാടക നിയന്ത്രണ നിയമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഹ്രസ്വകാല കരാറുകള്‍ ഉപയോഗിക്കുന്നത് തടയാനാണിത്.
വിലക്കയറ്റ നിയന്ത്രണം (Indexlinked rents): പണപ്പെരുപ്പത്തിനനുസരിച്ച് വാടക കൂട്ടുന്ന രീതിയില്‍ നിയന്ത്രണം വരും. പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലായാല്‍, അതിന്റെ പകുതി മാത്രമേ വാടകയില്‍ വര്‍ധിപ്പിക്കാന്‍ പാടുള്ളൂ.
വാടക കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ വീടൊഴിയേണ്ടി വരുന്നവര്‍ക്ക്, തുക പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ ഒരു തവണ ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്ന് രക്ഷപ്പെടാം.
വാടകക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് ജര്‍മ്മന്‍ ടെനന്റ്സ് അസോസിയേഷന് പറഞ്ഞു. ഈ നിയമം കെട്ടിട ഉടമകളുടെ വരുമാനത്തെ ബാധിക്കുമെന്നും സ്വകാര്യ സമ്പാദ്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഉടമകളുടെ സംഘടനയായ 'Haus & Grund' ആരോപിച്ചു.
നഗരങ്ങളില്‍ വീട് കിട്ടാനുള്ള ബുദ്ധിമുട്ടും അമിത വാടകയും കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കമാണിത്. പാര്‍ലമെന്റി കൂടി പാസാകുന്നതോടെ ഇത് നിയമമായി മാറും.